
ദോഹ/വാഷിംഗ്ടൺ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണവും വിവിധ മേഖലകളിൽ അത് ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായുള്ള പാകിസ്ഥാന്റെ മധ്യസ്ഥ ശ്രമങ്ങളും ഇരുനേതാക്കളും വിലയിരുത്തി. മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് ഇത്തരം ശ്രമങ്ങൾ അനിവാര്യമാണെന്ന് കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി.
നിലവിലെ മധ്യസ്ഥ ശ്രമങ്ങളോട് എല്ലാ കക്ഷികളും അനുകൂലമായി പ്രതികരിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി ഊന്നിപ്പറഞ്ഞു. സമാധാനപരമായ ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും പ്രശ്നങ്ങളുടെ മൂലകാരണങ്ങൾ പരിഹരിക്കാനും, അതുവഴി മേഖലയിൽ ശാശ്വത സമാധാനം കൈവരിക്കുന്ന സമഗ്രമായ കരാറിലെത്താനും ഇത്തരം നീക്കങ്ങൾ വഴിതുറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.










